അനുസ്മരണം: പി ടി തങ്കപ്പൻ മാസ്റ്റർ അനുസ്മരണവും സാഹിത്യ പുരസ്കാര സമർപ്പണവും

24/08/2025

സർഗവേദി റീഡേഴ്‌സ് ഫോറം

അനുസ്മരണം

ആലക്കോട് വ്യാപാര ഭവൻ

പി ടി തങ്കപ്പൻ മാസ്റ്റർ അനുസ്മരണവും സാഹിത്യ പുരസ്കാര സമർപ്പണവും


ആലക്കോട് സർഗവേദി റീഡേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിലുള്ള പി ടി തങ്കപ്പൻ മാസ്റ്റർ സാഹിത്യ പുരസ്കാരം എഴുത്തുകാരൻ ഇ സന്തോഷ് കുമാർ വിനോയ് തോമസിന് നൽകുന്നു.
ചാർട്ടേർഡ് അക്കൗണ്ടൻസി പരീക്ഷയിൽ ഉന്നത വിജയം നേടിയ ശ്രേയ ജിജിയെ ആലക്കോട് സർഗവേദി റീഡേഴ്സ് ഫോറത്തിനു വേണ്ടി ഇ സന്തോഷ് കുമാർ അനുമോദിക്കുന്നു.

കൂടുതൽ ചിത്രങ്ങളിലൂടെ...


പി ടി തങ്കപ്പൻ മാസ്റ്ററെക്കുറിച്ച് മകൾ ആതിര സജീവ്

എനിക്ക് ഈ ഒരു മാസക്കാലം ഓർമ്മകൾ കൊണ്ട് നിറഞ്ഞു പോകുന്ന ഒരു മാസമാണ്. കൃത്യമായി പറഞ്ഞാൽ കർക്കിടകം 2 മുതൽ ചിങ്ങം 1 വരെ. പപ്പയ്ക്ക് ആദ്യമായി ഹൃദയസംബന്ധമായ അസുഖം ഉണ്ടാകുന്നത് 1989 ഡി:31 നാണ്. രയറോം സ്കൂളിലെ കുട്ടികളേയും കൊണ്ട് നാടകം അവതരിപ്പിക്കാൻ മണക്കടവ് സ്കൂളിൽ വന്നതായിരുന്നു. അവിടെ വച്ചാണ് നെഞ്ച് വേദന വരികയും പിന്നീട് ആശുപത്രിയിൽ ആവുന്നതും. അന്ന് രണ്ട് ആഴ്ചയോളം ആശുപത്രിയിൽ താമസിക്കുകയും 2 മാസത്തെ ലീവും കഴിഞ്ഞതിനു ശേഷം കയറ്റം കയറുമ്പോൾ നടക്കാൻ ഇടയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാകും എന്നല്ലാതെ അസുഖത്തിൻ്റേതായ ഒന്നും പപ്പയെ 19 വർഷവും അലട്ടിയിരുന്നില്ല. മരുന്ന് ഒരു ദിവസം പോലും മുടക്കം വരാതെ അമ്മ ശ്രദ്ധിച്ചിരുന്നു. ബീഡിയും സിഗററ്റും നിർത്താതെ വലിച്ചിരുന്നത് അസുഖത്തിന് ശേഷം പൂർണമായും നിർത്തുകയും ചെയ്തിരുന്നു. പിന്നീട് അസുഖത്തിൻ്റെ അസ്വസ്ഥതകൾ വരുന്നത് 2008 ൽ ആണ്. കർക്കിടകം 2 ന് നെഞ്ചുവേദന വരികയും അന്ന് തന്നെ ഡോക്ടറുടെ അടുത്ത് പോവുകയും മരുന്ന് തന്ന് വിടുകയും ചെയ്തു. പിന്നീട് അടുത്തടുത്ത ദിവസങ്ങളിൽ അസുഖം വരികയും രണ്ട് പ്രാവശ്യം ആശുപത്രിയിൽ അഡ്മിറ്റാവുന്നതും അവസാനം ഓപ്പറേഷൻ മാത്രമേ ഇനി പരിഹാരം ഉള്ളൂ എന്ന് പറയുന്നതും ആഗസ്ത് 8 ന് അമൃതയിൽ അഡ്മിറ്റാവുന്നതും 13 ന് ഓപ്പറേഷൻ നടക്കുന്നതും 15 ന് ഞാൻ അവസാനം പപ്പയെ കാണുന്നതും സംസാരിക്കുന്നതും 16 ന് രാത്രി പ്രഷർ താഴ്ന്നു പോവുന്നതും 17 ന് പുലർച്ചെ ഞാൻ അറിയുന്നതും എല്ലാം ഇപ്പോഴും വല്ലാത്ത ഒരു മാനസികാവസ്ഥയിലൂടെ മാത്രമേ ഈ ദിവങ്ങളിൽ കടന്നു പോകാൻ കഴിയുന്നുള്ളൂ.

പപ്പയ്ക്ക് അസുഖം വന്നതിനു ശേഷം ഞാൻ ഓരോ ദിവസവും പപ്പയ്ക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന പേടിയിലായിരുന്നു കഴിഞ്ഞിരുന്നത്. സ്കൂളിൽ പഠിക്കുമ്പോൾ പപ്പയെ ഓർക്കുമ്പോൾ, ആംബുലൻസ് പോകുന്നത് ഒക്കെ കണ്ടാൽ ഞാൻ ചെയ്തിരുന്നത് ഓടി സ്റ്റാഫ് റൂമിൽ പോയി മാമൻ അവിടെ ഉണ്ടോ എന്ന് നോക്കും ഉണ്ടെങ്കിൽ സമാധാനത്തോടെ തിരിച്ചു പോരും ഇല്ലെങ്കിൽ ഓരോ ക്ലാസ്സിലൂടെയും പോയി മാമൻ ഉണ്ടോ എന്ന് നോക്കി കണ്ടതിന് ശേഷമേ തിരിച്ച് പോരുമായിരുന്നു.

പപ്പയോടൊപ്പം ഉണ്ടായിരുന്ന കാലം ഒരുപാട് നല്ല ഓർമ്മകളുടേത് കൂടി ആണ്.

പപ്പമാത്രം എന്നെ വിളിച്ചിരുന്ന പേരുകൾ.
എവിടെ പോയാലും എന്തെങ്കിലും എനിക്കായ് വാങ്ങി വരുന്നത്.
ഓണത്തിന് നാട്ടിൽ പോകുന്നത്.
തിരുവനന്തപുരം യാത്രകൾ.
ഹോസ്റ്റലിൽ ചേർക്കാൻ വന്ന് അമ്മയെ മാത്രം ഹോസ്റ്റലിൽ വിട്ട് വഴിയിൽ നിന്നത്.
പിറ്റേ ദിവസം കോളേജിൽ എത്തുമ്പോൾ ഗേറ്റിന് മുന്നിൽ പപ്പ നിന്നിരുന്നത്. ചൊല്ലിത്തരുന്ന കവിതകൾ.
സ്കൂൾ യുവജനോൽസവത്തിനായുള്ള നാടക ഒരുക്കങ്ങൾ.
കുട്ടികളെ നാടകം പഠിപ്പിക്കൽ.
ചീട്ട് കളിക്കാൻ ആളില്ലാതെ വന്നാലും കളിക്കാതിരിക്കാൻ പറ്റാത്തതിനാൽ എന്നേയും അമ്മയേയും പഠിപ്പിച്ച് ചീട്ട് കളിച്ചിരുന്നത്.
എനിക്ക് മൈഗ്രേൻ വരുമ്പോൾ ഒക്കെയും കൂടെ ഇരുന്ന് അസ്വസ്ഥനാവുന്നത്.
എല്ലാ ദിവസവും ആലക്കോട് പോകുന്നതും,
ഇലക്ക്ഷനിൽ പാർട്ടി തോൽക്കുന്ന ദിവസം ആലക്കോട് പോകാതിരിക്കുന്നതും ഒക്കെ.
ഇങ്ങനെ ഒന്ന് ഓർത്താൽ ചേർന്നു നിൽക്കുന്ന ഒരു പാട് ഓർമ്മകൾ ഉണ്ട്. അതിൽ കുറച്ച് ഓർമ്മയിലേക്ക് വന്നത് എഴുതി എന്ന് മാത്രം.

പത്ര മാധ്യമങ്ങളിലൂടെ....

മാതൃഭൂമി മംഗളം മാതൃഭൂമി മലയാള മനോരമ

👉 അടുത്ത പേജിൽ: പി ടി തങ്കപ്പൻ മാസ്റ്റർ അനുസ്മരണവും സാഹിത്യ പുരസ്കാര സമർപ്പണവും പരിപാടിയിൽ പങ്കെടുത്തവരുടെ ആസ്വാദനക്കുറിപ്പുകൾ